തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങിന്റെ പേരിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയും കേന്ദ്രം ഭരിക്കുന്ന എൻഡിഎയും തമ്മിലുള്ള രാഷ്ട്രീയപോരു തന്നെ. ഇപ്പോൾ ഇങ്ങനെയൊരു പൊട്ടിത്തെറിക്കു കാരണം ചോദിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് ഉത്തരം.
ഒരു കാലത്തോളം ഇടതുമുന്നണി സർക്കാരിന്റെ ഭരണനേട്ടമായും പിന്നീട് പാത തകർന്നുവീണപ്പോൾ തള്ളിപ്പറയുകയും വീണ്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇടതുപക്ഷം ചേർത്തുപിടിക്കുകയും ചെയ്ത വികസന പ്രവർത്തനമാണ് ദേശീയപാത 66. അതിന്റെ ക്രെഡിറ്റ് അത്രയും കേന്ദ്ര സർക്കാർ എടുത്തുകൊണ്ടുപോകുന്നത് അവർക്കു സഹിക്കില്ല. അതു ശരിയുമല്ല. കേരളത്തിന്റെ കൂടി വിഹിതം ഉപയോഗിച്ചാണ് ദേശീയപാത നിർമാണം പൂർത്തിയാക്കുന്നത്. മുഖ്യമന്ത്രിയെ ചടങ്ങിലേക്കു ക്ഷണിച്ചെങ്കിലും പൊതുമരാമത്ത് മന്ത്രിയെ ക്ഷണിച്ചില്ലെന്നാണു പരാതി.
കേന്ദ്ര നടപടിക്കെതിരായ പ്രതിഷേധം മമത സ്റ്റൈൽ ബഹിഷ്കരണത്തിലേക്കു മാറ്റിയതു സാധാരണ ഇടതു സർക്കാരിന്റെ രീതിയല്ല. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത ബന്ധവുമുണ്ടായിരുന്നു. ദേശീയപാതയുടെ കാര്യത്തിൽ ഈ ബന്ധവും സഹായകമായിട്ടുണ്ടെന്നാണു വയ്പ്. എന്നാൽ തെരഞ്ഞെടുപ്പു കാലത്ത് ബിജെപിയെ ശത്രുപക്ഷത്തു നിർത്തേണ്ട രാഷ്ട്രീയമായ ആവശ്യം ഇപ്പോൾ കേരളത്തിലെ ഇടതുപക്ഷത്തിനുണ്ട്.
കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ വന്നു സിജെപി എന്ന പദപ്രയോഗം നടത്തിയത് ഈയിടെയാണ്. കഴിഞ്ഞ ഏതാനും ഉപതെരഞ്ഞെടുപ്പുകളിൽ കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം സിപിഎം-ബിജെപി ബന്ധം എന്ന് ആരോപിച്ചുകൊണ്ട് സിജെപി പ്രയോഗം നടത്തി വരുന്നുണ്ട്. ഇതു സാധാരണക്കാർക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തന്ത്രപരമായ വോട്ടിംഗ് നടത്തുമെന്ന ഭയവും അവർക്കുണ്ട്.
ഈ സാഹചര്യത്തിലാണ് ഇടതുപക്ഷവും ബിജെപിയും മുഖാമുഖംനിന്നു പോരടിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. ഇടതുപക്ഷം ഈ അവസരം മുതലാക്കി. പ്രധാനമന്ത്രി പങ്കെടുത്ത ഔദ്യോഗിക പരിപാടി സർക്കാർ ബഹിഷ്കരിച്ചു. മാത്രമല്ല ദേശീയപാതയുടെ ബദൽ ഉദ്ഘാടനം സംഘടിപ്പിക്കുകയും ചെയ്തു. തലപ്പാടി ചെങ്കള ഭാഗത്തെ പാതയുടെ ജനകീയ ഉദ്ഘാടനം സി.എച്ച്. കുഞ്ഞന്പു എംഎൽഎ നിർവഹിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് വെങ്ങളം പാതയിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. ഏതായാലും ഇന്നലത്തെ ദിനം കേരളത്തിൽ എൽഡിഎഫ്-എൻഡിഎ മുഖാമുഖ പോരാട്ടമാണു നടന്നത്. ഇങ്ങനെയൊരു രാഷ്ട്രീയ അവസ്ഥ സൃഷ്ടിക്കുന്നത് ഇരുകൂട്ടർക്കും നേട്ടമുള്ള കാര്യമാണ്. പോരാട്ടം തങ്ങൾ തമ്മിലെന്ന ആഖ്യാനം സൃഷ്ടിക്കാനായാൽ ഇരുകൂട്ടരും അതിന്റെ ഗുണഭോക്താക്കളാകും.